05:42pm 17 August 2026
NEWS
നടി അനന്യ രാജിന്റെ മരണം പുറംലോകം അറിഞ്ഞത് ഒരു മാസത്തിന് ശേഷം; കാരണം തേടി ആരാധകർ
17/08/2026  10:25 AM IST
nila
നടി അനന്യ രാജിന്റെ മരണം പുറംലോകം അറിഞ്ഞത് ഒരു മാസത്തിന് ശേഷം; കാരണം തേടി ആരാധകർ

മുംബൈ: പ്രശസ്ത നടി അനന്യ രാജിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടലിലാണ് ആരാധകരും സഹപ്രവർത്തകരും. ജൂലൈ 15ന് നടി മരിച്ചെങ്കിലും മരണവിവരം കുടുംബം പുറത്തുവിട്ടത് ഏകദേശം ഒരു മാസത്തിന് ശേഷമാണ്. മരണകാരണം ഉൾപ്പെടെയുള്ള വിവരങ്ങൾ കുടുംബം വ്യക്തമാക്കാത്തതും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.

അനന്യയുടെ കുടുംബമാണ് ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ മരണവിവരം അറിയിച്ചത്. ജൂലൈ 15ന് പുലർച്ചെ ഉറക്കത്തിനിടെ സമാധാനപരമായാണ് നടി മരിച്ചതെന്ന് കുടുംബം വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങളിലൂടെ അനന്യ കടന്നുപോയിരുന്നുവെന്നും അവയെ അതിജീവിക്കാൻ ശക്തമായി പോരാടിയിരുന്നുവെന്നും കുടുംബം കുറിപ്പിൽ പറഞ്ഞു.

‘‘ഒരു വർഷത്തിലേറെയായി ശാരീരികവും മാനസികവുമായ അസ്വസ്ഥതകളിലൂടെ അനന്യ കടന്നുപോകുകയായിരുന്നു. അവ മറികടക്കാൻ അവൾ ഒരു യോദ്ധാവിനെപ്പോലെ പോരാടി.’’

അനന്യയുടെ ആത്മാവിനായി പ്രാർഥിക്കണമെന്നും കുടുംബം അഭ്യർഥിച്ചു. എന്നാൽ മരണവിവരം വൈകി പുറത്തുവിട്ടതിന്റെ കാരണം എന്താണെന്നും നടിക്ക് സംഭവിച്ചിരുന്നത് എന്താണെന്നും വ്യക്തമാക്കണമെന്ന് നിരവധി ആരാധകരാണ് സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെടുന്നത്.

അനന്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ നിരവധി സഹപ്രവർത്തകരും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി. ഏഴു മാസം മുൻപ് വരെ അനന്യയുമായി സംസാരിച്ചിരുന്നുവെന്നും ഒരുമിച്ച് പ്രവർത്തിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും ഇൻഫ്ലുവൻസർ പങ്കജ് ശർമ കുറിച്ചു. അതായിരുന്നു തങ്ങളുടെ അവസാന സംഭാഷണമെന്ന് അന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം അനുശോചനക്കുറിപ്പിൽ പറഞ്ഞു.

മുംബൈയിൽ വളർന്ന അനന്യ സംഗീത വിഡിയോകളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. 2016ൽ പുറത്തിറങ്ങിയ ‘7 അവേഴ്‌സ് ടു ഗോ’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ‘ദി ഫൈനൽ എക്സിറ്റ്’ (2017), ‘ഗോസ്റ്റ്’ (2019) തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഹിന്ദി സിനിമകൾക്ക് പുറമെ തെലുങ്ക് സിനിമകളിലും അനന്യ സാന്നിധ്യമറിയിച്ചിരുന്നു.

നടിയുടെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചനവുമായി നിരവധി പേർ എത്തുമ്പോഴും മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img